സുല്‍ത്താന്‍ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്തുവെന്ന കേസില്‍ അറസ്റ്റ്. തോമാട്ടുചാല്‍ കോട്ടൂര്‍ സ്വദേശി ജിതിന്‍ ജോസഫ് (35) ആണ് പിടിയിലായത്. ബത്തേരിക്കടുത്ത മന്ദംകൊല്ലി ബിവറേജിന് സമീപം ശനിയാഴ്ചയാണ് ഇയാള്‍ കസ്റ്റഡിയിലെടുത്തത്.
2023-ല്‍ കാപ്പ ചുമത്തപ്പെട്ട യുവാവ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ബത്തേരി, അമ്പലവയല്‍, കല്‍പ്പറ്റ, താമരശേരി, മീനങ്ങാടി, മേപ്പാടി സ്റ്റേഷനുകളിലും കര്‍ണാടകയിലെ ഹൊസൂര്‍ സ്റ്റേഷനിലും കേസുകളുണ്ട്. കൊലപാതകം, പോക്സോ, അടിപിടി, ലഹരി, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ജിതിന്‍ ജോസഫ് എന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ കൂട്ടുപ്രതികളായ പുത്തന്‍കുന്ന് സ്വദേശി ടി. നിഥുന്‍ (35), ദൊട്ടപ്പന്‍കുളം സ്വദേശി മുഹമ്മദ് ജറീര്‍ (32), കടല്‍മാട് സ്വദേശി അബിന്‍ കെ. ബവാസ് (32), ചുള്ളിയോട് സ്വദേശി പി. അജിന്‍ ബേബി (32) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നത്തെ അറസ്റ്റോടെ ഈ കേസില്‍ ഇതുവരെ പിടിയിലായവര്‍ അഞ്ച് പേരായി. ഇക്കഴിഞ്ഞ സെപ്തംബര്‍ 22ന് രാത്രിയില്‍ പൂതിക്കാടുള്ള റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറിയാണ് ഇവര്‍ പരാതിക്കാരനെയും സുഹൃത്തിനെയും ആക്രമിച്ചത്. റിസോര്‍ട്ടിന് നാശനഷ്ടം വരുത്തുകയും ചെയ്തു. നാശനഷ്ടം, ആയുധമുപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.