കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ മഞ്ചേശ്വരത്ത് വൻ പ്രതിഷേധം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്ക് യുഡിഎഫിന് ജയസാധ്യതയുള്ള മൂന്ന് സീറ്റുകളിൽ മൂന്നും മുസ്ലിം ലീഗിന് വിട്ടുകൊടുത്ത തീരുമാനമാണ് കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് കാരണമായത്. ഇതോടെ, പിന്നെ എന്തിനാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത് എന്ന് ചോദിച്ച് പ്രവർത്തകരും പ്രാദേശിക നേതാക്കളും ചേർന്ന് കോൺഗ്രസ് ഓഫീസ് അടച്ചുപൂട്ടുകയായിരുന്നു. ഹൊസങ്കടിയിൽ സ്വകാര്യ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ പ്രവർത്തിച്ചിരുന്ന മഞ്ചേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസാണ് അടച്ചുപൂട്ടിയത്.
കോൺഗ്രസ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് ഹനീഫിൻ്റെ നേതൃത്വത്തിലാണ് ഓഫീസ് അടച്ചുപൂട്ടിയത്. ഓഫീസിന് മുന്നിലെ കോൺഗ്രസിൻ്റെ ബോർഡുകളും ഓഫീസിലെ ഫർണിച്ചറുകളും ഓഫീസിലുണ്ടായിരുന്ന നേതാക്കളുടെ ചിത്രങ്ങളും ഇവിടെ നിന്ന് മാറ്റി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് സ്ഥിരമായി ജയിക്കുന്ന മൂന്ന് സീറ്റുകളിൽ ഒരു സീറ്റ് കോൺഗ്രസിനും രണ്ട് സീറ്റുകൾ ലീഗിനുമെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ഇത്തവണ ഇത് പൂർണമായും ലീഗിന് നൽകിയതാണ് പ്രതിഷേധത്തിന് കാരണം. നേരത്തെ സീറ്റ് ധാരണയിൽ പ്രാദേശിക നേതാക്കൾ പ്രതിഷേധം ഉന്നയിച്ചിരുന്നു. മുസ്ലിം ലീഗിനോടുള്ള വിരോധമല്ല പ്രതിഷേധം. ജില്ലാ നേതൃത്വത്തോടാണ് പ്രതിഷേധമെന്നാണ് പ്രാദേശിക നേതാക്കൾ വ്യക്തമാക്കുന്നത്. എന്നാൽ ആരും പരസ്യ പ്രതികരണത്തിന് തയ്യാറായില്ല.