കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു


തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് 45 വയസുള്ള ബാലമുരുകൻ. തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവം. ബാലമുരുകനെതിരെ തമിഴ്നാട്ടിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ജയിലിന്റെ മുമ്പിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തെരച്ചിൽ തുടരുകയാണ്.കഴിഞ്ഞ മേയിൽ തമിഴ്നാട് പൊലീസ് വാഹനത്തിൽ നിന്ന് സമാനമായി രീതിയിൽ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. ബാലമുരുകനെ കണ്ടെത്താൻ തൃശൂരിൽ വ്യാപകമായ തെരച്ചിൽ നടത്തുകയാണ് പൊലീസ്. രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നു കളയാനുള്ള സാധ്യതയുണ്ടെന്നും ഇതിനാൽ ബൈക്ക് മോഷണം എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നുമാണ് നിര്‍ദേശം. ബൈക്കിൽ താക്കോൽ അടക്കം വെക്കരുതെന്നും നിര്‍ദേശമുണ്ട്.

ഇന്ന് പുലർച്ചെ മൂന്നുമണിക്ക് തിരച്ചിൽ നടത്തിയ പൊലീസിന്‍റെ കൺമുമ്പിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. വിയ്യൂര്‍ ഹൗസിങ് കോളനി വഴിയാണ് പ്രതി രക്ഷപ്പെട്ടത്. തലനാരിഴക്കാണ് പ്രതി പൊലീസിന്‍റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടത്. പൊലീസ് പരിസരത്തെ വീടുകളിലും കിണറുകളിലും മറ്റും തിരച്ചിൽ നടത്തുന്നുണ്ട്. സമീപത്തെ ഹൗസിംഗ് കോളനികളിലും പരിശോധന നടത്തുന്നുണ്ട്.


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال