ആലപ്പുഴയിലെ ഭർതൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം: ആരോപണവുമായി കുടുംബം


കൊല്ലം: ആലപ്പുഴയിലെ ഭർതൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്തതില്‍ ആരോപണവുമായി കുടുംബം. കൊല്ലം സ്വദേശി രേഷ്മയുടെ മരണത്തിന് പിന്നിൽ ഭര്‍ത്താവും വീട്ടുകാരുമാണെന്ന് ബന്ധുക്കൾ പറയുന്നു. 29 കാരിയുടെ കുറിപ്പും ഫോണ്‍ സംഭാഷണവും തെളിവായി നിരത്തി നിയമ പോരാട്ടത്തിന് തിരിക്കുകയാണ് കുടുംബം.

29കാരിയായ രേഷ്മ ഭര്‍ത്താവില്‍ നിന്നും നേരിട്ട അവഗണനയും മാനസിക പീഡനവും അച്ഛനോട് തുറന്നു പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രേഷ്മ ആലപ്പുഴ പുന്നപ്രയിലെ ഭര്‍തൃവീട്ടില്‍ തുങ്ങിമരിച്ചത്. 2018 മാര്‍ച്ചിലാണ് രേഷ്മയുടെ വിവാഹം നടന്നത്. ഭര്‍ത്താവിന്‍റെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഡനവുമാണ് രേഷ്മ അത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ആരോപണം. ശൂരനാട് നടന്ന അന്ത്യ കര്‍മ്മങ്ങള്‍ക്ക് പോലും ഭര്‍ത്താവും വീട്ടുകാരും വന്നില്ലെന്നും പൊലീസിന്‍റെ സഹായത്തോടെയാണ് 6 വയസുള്ള മകനെ സംസ്കാരത്തിന് കൊണ്ടു വന്നതെന്നും കുടുംബം പറയുന്നു.

മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് രേഷ്മ ശൂരനാടുള്ള വീട്ടില്‍ എത്തിയിരുന്നു. സഹോദരിയുടെ ബുക്കില്‍ വിഷമങ്ങള്‍ കുറിച്ചിട്ടിരുന്നു. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും എതിരെയാണ് കുറിപ്പ്. നല്‍കിയ സ്നേഹം തിരിച്ചു കിട്ടിയില്ലെന്നാണ് വാക്കുകള്‍. രേഷ്മയെ ഭര്‍ത്താവ് ശാരീരികമായും ഉപദ്രവിച്ചെന്നാണ് ആരോപണം. ആത്മഹത്യയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ആത്മഹത്യ പ്രേരണയും ഗാര്‍ഹിക പീഡനവും ചൂണ്ടിക്കാട്ടി നിയമ പോരാട്ടം നടത്തുമെന്നും രേഷ്മയുടെ കുടുംബം വ്യക്തമാക്കി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال