തൃശൂർ: തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ തെരുവ് നായ ആക്രമണത്തിൽ മാനുകൾ ചത്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ. അന്വേഷണത്തിന് വനംമന്ത്രി സമിതി രൂപീകരിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, വനം വിജിലൻസ് വിഭാഗം സിസിഎഫ് ജോർജി പി മാത്തച്ചൻ, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സക്കറിയ എന്നിവരാണ് അംഗങ്ങൾ. നാലുദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാനും നിർദ്ദേശം നൽകി.
സുവോളജിക്കല്‍ പാര്‍ക്കിലെ പുള്ളിമാനുകളെ പാര്‍പ്പിച്ച സ്ഥലത്തേക്ക് പ്രദേശത്തുനിന്നുള്ള തെരുവ് നായ്ക്കള്‍ അതിക്രമിച്ച് കയറി ആക്രമിച്ചതില്‍ ഏതാനും പുള്ളിമാനുകള്‍ ചത്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിയ്ക്കാനും ആവശ്യമായ മറ്റ് കര്‍ശന നടപടികള്‍ സ്വീകരിയ്ക്കാനും മന്ത്രി നിര്‍ദ്ദേശം നൽകി. മരണപ്പെട്ട പുള്ളിമാനുകളുടെ ജഡം പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിയ്ക്കുമെന്നും മന്ത്രി അറിയിച്ചു.