പാലക്കാട്: പാലക്കാട് പാമ്പാംപള്ളം ടോൾ പ്ലാസയ്ക്ക് വാഹനപരിശോധനയിൽ മയക്കുമരുന്ന് ഗുളികകളുമായി റഷ്യൻ വംശജനെ എക്സൈസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് വില്ലുപുരത്ത് താമസിക്കുന്ന ഗ്രിഗോറാഷ് ചെങ്കോ ഇവാൻ(31) എന്നയാളാണ് 23.47 ഗ്രാം ബൂപ്രിനോർഫിൻ ഗുളികകളുമായി പിടിയിലായത്. പാലക്കാട് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയകുമാറും പാർട്ടിയും ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിപിൻ ദാസിന്‍റെ നേത്യത്വത്തിൽ ഉള്ള ടാസ്ക് ഫോഴ്സ് പാർട്ടിയും സംയുക്തമായാണ് പരിശോധന നടത്തിയത്.
ചെക്ക് പോസ്റ്റ് കടക്കാനുള്ള ശ്രമത്തിനിടെ സംശയം തോന്നിയ എക്സൈസ് സംഘം ഇയാളെത്തിയ വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. സിവിൽ എക്സൈസ് ഓഫീസർമാരായ സദാശിവൻ, ശരവണൻ, ഹരികുട്ടൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അജീഷ്, ഒറ്റപ്പാലം റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പ്രേംകുമാർ.എം.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂകോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.