എറണാകുളം കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിന്‍റെ രൂപരേഖ തയ്യാറായി. സർക്കാർ അനുമതി ലഭിച്ചാൽ ഉടൻ നിർമ്മാണം ആരംഭിക്കും. പതിമൂന്ന് കോടി രൂപ ചിലവിൽ കാരിക്കാമുറി ഭാഗത്താണ് പുതിയ കെട്ടിടത്തിന്‍റെ നിർമ്മാണം ആരംഭിക്കുക. അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൻ്റെ രൂപരേഖയും വിശദമായ പ്ലാനും പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.
പ്രീ ഫാബ് മാതൃകയിലായിരിക്കും പുതിയ ബസ്റ്റാൻ്റിൻ്റെ നിർമാണം. KSRTC യുടെ കൈവശമുള്ള എട്ട് ഏക്കർ ഭൂമിയിൽ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം കാരിക്കാമുറി ഭാഗത്താണ് പുതിയ ബസ് സ്റ്റാൻഡ് യാഥാർഥ്യമാകുക.
നിലവിലെ സ്റ്റാൻ്റിനേക്കാൾ ഉയരമുള്ളതാണ് കാരിക്കാമുറിയിലെ സ്ഥലം.
നിലവിലെ സ്റ്റാൻഡിൻ്റെ ശോചനീയാവസ്ഥ മന്ത്രി കെ എൻ ബാലഗോപാൽ നേരിൽ സന്ദർശിച്ചിരുന്നു. ശേഷം ചേർന്ന യോഗത്തിലാണ്, പുതിയ കെട്ടിട നിർമ്മാണത്തിനായി പതിമൂന്ന് കോടി രൂപ അനുവദിച്ചത്. ഭരണാനുമതി ലഭിച്ചാലുടനെ ടെൻഡർ വിളിച്ച്, നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. പുതിയ സ്റ്റാൻ്റ് നിർമ്മാണം പൂർത്തിയാകുന്നതോടെ, വെള്ളക്കെട്ട് ഉൾപ്പെടെയുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും.