ബളാലിൽ വീട് വെക്കാൻ മണ്ണ് നീക്കിയതിന് നിർധന കുടുംബത്തിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് 50,000 രൂപ പിഴയിട്ട സംഭവം: ഇടപെട്ട് കോൺ​ഗ്രസ്


കാസർകോട്: കാസർകോട് ബളാലിൽ വീട് വെക്കാൻ മണ്ണ് നീക്കിയതിന് നിർധന കുടുംബത്തിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് 50,000 രൂപ പിഴയിട്ട സംഭവത്തിൽ ഇടപെട്ട് കോൺ​ഗ്രസ്. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പാവപ്പെട്ട കുടുംബത്തോട് ചെയ്യുന്നത് വലിയ നീതികേടെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം പറഞ്ഞു. പിഴ പൂർണമായും ഒഴിവാക്കി കൊടുക്കണമെന്നും ഒഴിവാക്കി നൽകുന്നില്ലെങ്കിൽ കോൺഗ്രസ് പാർട്ടി 50,000 രൂപ പിഴ തങ്കമണിക്ക് വേണ്ടി അടക്കുമെന്ന് രാജു കട്ടക്കയം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പുന്നതിന് പകരം ക്രൂരതയോടെയാണ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ആരോപിച്ചു.

കാസർകോട് ബളാൽ സ്വദേശികളായ ഗോവിന്ദൻ - തങ്കമണി ദമ്പതികളോടാണ് 50,000 രൂപ പിഴയടക്കാൻ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് നിര്‍ദേശിച്ചത്. പിഎംഎവൈ പദ്ധതി പ്രകാരം ലഭിച്ച വീട് നിർമ്മാണത്തിന് സ്ഥലം ഒരുക്കാനാണ് ഇവർ മണ്ണ് മാറ്റിയത്. അനധികൃത ഖനനം നടത്തിയെന്ന് കാണിച്ച് ആദ്യം ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ പിഴ ഒടുക്കാനായിരുന്നു. തുടർന്ന് നിർധന കുടുംബമാണെന്ന് അറിയിച്ചതോടെ പിഴ 50,000 രൂപയായി കുറയ്ക്കുകയായിരുന്നു. പിഴ അടയ്ക്കാൻ നിവൃത്തിയില്ലെന്നും ജയിലിൽ കിടക്കാമെന്നും ആയിരുന്നു നടപടിയിൽ തങ്കമണിയുടെ പ്രതികരണം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال