തിരുവനന്തപുരം: ടൂറിസം മേഖലയില്‍ വനിതകള്‍ക്ക് വ്യക്തിഗത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 4 ശതമാനം പലിശ സബ്സിഡി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ടൂറിസം മേഖലയില്‍ വനിതാ സംരംഭകത്വം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പകള്‍ക്ക് സബ്സിഡി നല്‍കാന്‍ തീരുമാനിച്ചത്. ഇന്‍ററസ്റ്റ് സബ് വെന്‍ഷന്‍ പ്രോജക്ട് 2025-26 എന്ന പേരിലുള്ള പദ്ധതി നടപ്പാക്കുന്നതിനായി 4 കോടി രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവായി.
നിലവില്‍ കേരള റസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയില്‍ (കെആര്‍ടിഎംഎസ്) രജിസ്റ്റര്‍ ചെയ്തവര്‍ക്കും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ടൂറിസം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായിട്ടാണ് സബ്സിഡി നല്‍കുന്നത്. വായ്പാ തുക എത്രയായാലും പരമാവധി 15 ലക്ഷം രൂപ വരെയാണ് 4 ശതമാനം പലിശ സബ്സിഡി ലഭ്യമാകുക. ഈ വായ്പാ പദ്ധതിയില്‍ പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, ജനറല്‍ വിഭാഗക്കാര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തില്‍പ്പെടുന്ന വനിതകള്‍ക്കും 4 ശതമാനം സബ്സിഡി ലഭിക്കും.
വിനോദസഞ്ചാര വകുപ്പിന്‍റെ കീഴിലുള്ള കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന വനിതാ യൂണിറ്റുകളുടെ പ്രചാരണത്തിനും വിപുലീകരണത്തിനുമാണ് പദ്ധതി. കേരള വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.