കായംകുളം: തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാകാതെ ദീർഘകാലമായി മുങ്ങിനടന്ന പ്രതിയെ 36 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. ചമ്പക്കുളം വില്ലേജിൽ നടുഭാഗം മുറിയിൽ കീച്ചേരിൽ വീട്ടിൽ രാജൻ എന്ന് വിളിക്കുന്ന രാജപ്പൻ നായരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. 1989 ൽ കായംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് രാജപ്പൻ നായർക്കെതിരെ കോടതി എൽ.പി (ലോങ് പെൻ്റിങ്) വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കേസ് ഈയിടെ വീണ്ടും എടുത്ത് അന്വേഷിച്ച പൊലീസിന് പ്രതി കൊട്ടാരക്കരയിൽ ഉള്ളതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവിടെ പരിശോധന നടത്തി. കൊട്ടാരക്കരക്ക് അടുത്ത് ചെങ്ങമനാട് എന്ന സ്ഥലത്ത് ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുകയാണ് ഇയാളെന്ന് മനസിലാക്കിയ പൊലീസ് ഇവിടേക്ക് പോയി. ഇവിടെ നിന്നാണ് പ്രതി പിടിയിലായത്. കായംകുളം ഡി വൈ എസ് പി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ കായംകുളം സിഐ അരുൺ ഷാ, എസ്ഐ മുഹമ്മദ് ബഷീർ, പോലീസുകാരായ പ്രവീൺ, മോനിഷ്, അനന്തകൃഷ്ണൻ, ആലപ്പുഴ സൈബർ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥനായ അഭിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. എന്നാൽ രാജപ്പൻ നായർക്കെതിരായ കേസിൻ്റെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.