കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമലയിൽ സന്ദർശനം നടത്തും. ഉച്ചവരെ ശബരിമലയിൽ സന്ദർശനം നടത്തിയ ശേഷം ഗവർണർ തിരുവനന്തപുരത്ത് ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുക്കും. വെള്ളിയാഴ്ചയാണ് ദില്ലിയിലേക്കുള്ള രാഷ്ട്രപതിയുടെ മടക്കയാത്ര. രാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് കർശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ശബരിമല സന്ദർശനം ഉൾപ്പെടെ, ഇന്ന് മുതൽ മൂന്ന് ദിവസമാണ് രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിൽ ഉണ്ടാവുക. ഇന്ന് രാവിലെ 9.20ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്‌റ്ററിൽ പുറപ്പെട്ട് 10.20ന് പത്തനംതിട്ട പ്രമാടത്തെത്തും. പിന്നീട് റോഡ് മാര്‍ഗം നിലയ്ക്കലെത്തും. പമ്പയിൽ എത്തുന്ന രാഷ്ട്രപതി പ്രത്യേക വാഹനത്തിൽ ശബരിമലയിൽ എത്തും. 11.55മുതൽ 12.25 വരെ രാഷ്ട്രപതി ശബരിമലയിലുണ്ടാകും. വൈകിട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന രാഷ്ട്രപതി ഗവർണർ നടത്തുന്ന അത്താഴ സത്കാരത്തിൽ പങ്കെടുക്കും.
23ന് രാവിലെ രാജ്‌ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ അർധകായ പ്രതിമ അനാച്ഛാദനംചെയ്യും. വ്യാഴാഴ്ച വർക്കല ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട് 4.15ന് കോട്ടയം പാലാ സെൻ്റ് തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്‌ഘാടനംചെയ്യും. അന്ന് കോട്ടയം കുമരകത്ത് തങ്ങുന്ന രാഷ്ട്രപതി, വെള്ളിയാഴ്ച എറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത ശേഷം, 1.20ന് കൊച്ചി നേവൽ ബേസിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി നാവികസേനയുടെ പ്രത്യേക വിമാനത്തിൽ ദില്ലിയിലേക്ക് മടങ്ങും.
രാഷ്‌ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് പൊലീസ് ആവശ്യമായ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിൽ എഡിജിപി എസ് ശ്രീജിത്തിനാണ് ഏകോപന ചുമതല. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ, മേയർ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയ രാഷ്ട്രപതിയെ സ്വീകരിച്ചത്.