കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ എന്തുവില കൊടുത്തും കൊച്ചി പിടിക്കാൻ മുന്നണികൾ.അഭിമാന പദ്ധതികൾ ഉയർത്തി ഭരണത്തുടർച്ചയ്ക്കായി എൽഡിഎഫ് വോട്ട് തേടുമ്പോള്‍ ഉൾപാർട്ടി പ്രശ്നങ്ങളൊക്കെ പരിഹരിച്ച് ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കോട്ട തിരിച്ചുപിടിക്കാനാണ് യുഡിഎഫ് ശ്രമം. സീറ്റുകളുടെ എണ്ണം കൂട്ടാൻ ബിജെപിയും അക്കൗണ്ട് തുറക്കാൻ ട്വന്‍റി 20യും രംഗത്തുണ്ട്.
ഒരു കാലത്ത് യുഡിഎഫിന്‍റെ ശക്തിദുർഗമായിരുന്നു കൊച്ചി കോർപ്പറേഷൻ. വിമതരെ ഒപ്പം നിർത്തിയാണ് ആ കോട്ട കഴിഞ്ഞതവണ എൽഡിഎഫ് പിടിച്ചത്. 74 ഡിവിഷനുള്ള കോർപ്പറേഷനിൽ മൂന്ന് യുഡിഎഫ് വിമതർ ഉൾപ്പെടെ 33 പേരാണ് എൽഡിഎഫിന്. യുഡിഎഫിന് 32. ബിജെപിക്ക് അഞ്ച്. ഇത്തവണ പള്ളുരുത്തി ഈസ്റ്റും മുണ്ടംവേലി ഈസ്റ്റും പുതുതായി ചേർത്തതോടെ ഡിവിഷനുകളുടെ എണ്ണം 76 ആയി. നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ടേം പൂർത്തിയാക്കാനായതിന്‍റെ ആത്മവിശ്വാസം എൽഡിഎഫിനുണ്ട്. ബ്രഹ്മപുരം പ്ലാന്‍റ് പുതിയ കോർപ്പറേഷൻ മന്ദിരം, പുതുക്കിപ്പണിഞ്ഞ മാർക്കറ്റ്, തുരുത്തി ഫ്ലാറ്റ്.അങ്ങനെ വലിയ വികസനപദ്ധതികൾ എടുത്തുപറഞ്ഞാണ് ഇത്തവണ എൽഡിഎഫ് വോട്ടുതേടുക.
ടോണി ചമ്മണി മേയറായ കാലത്ത് തുടങ്ങിയ കൊച്ചി സ്മാർട് സിറ്റി മിഷൻ ലിമിറ്റഡ് വഴിയുള്ള വികസനമല്ലാതെ പുതുതായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ഈ അവകാശവാദങ്ങൾക്ക് യുഡിഎഫിന്‍റെ മറുപടി. കൊച്ചി കോർപറേഷൻ ഭരണം തിരിച്ചുപിടിക്കൽ യുഡിഎഫിന്‍റെ അഭിമാനപ്രശ്നമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വോട്ടുചേർക്കാനും വീടുകയറാനും തുടങ്ങിയ യുഡിഎഫ്, പ്രവർത്തനങ്ങളിൽ മുന്നിലെത്താനായതിൻ്റെ ആത്മവിശ്വാസത്തിലാണ്. എന്നാൽ സ്ഥാനാർത്ഥി നിർണയം ഇപ്പോഴും വലിയ കടമ്പയാണ്.