പഹൽഗാം ആക്രമണം: മുഖ്യ സൂത്രധാരൻ സെയ്ഫുള്ള കസൂരിയെന്ന് റിപ്പോർട്ട്



ശ്രീനഗർ: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിനാണ് ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹൽഗാം സാക്ഷ്യം വഹിച്ചത്. വിനോദ സഞ്ചാരികളെ ലക്ഷ്യംവെച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. 26 പേരുടെ ജീവനാണ് ആക്രമണത്തിൽ പൊലിഞ്ഞത്. മരിച്ചവരിലേറെയും പുരുഷന്മാരാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവസ്ഥലത്ത് വിലപിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദി റെസിസ്റ്റൻസ് ഫ്രണ്ട് രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യ തിരയുന്ന ഭീകരൻ ഹാഫിസ് സയ്യിദിന്റെ അനുയായി സെയ്ഫുള്ള കസൂരിയാണ് പഹൽഗാം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് റിപ്പോർട്ട്. ഇന്ത്യക്കാരെ ശത്രുക്കളായി കാണുന്ന സംഘടനയാണ് ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്). ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇവർ കഴിഞ്ഞ ദിവസം തന്നെ ഏറ്റെടുത്തിരുന്നു. കശ്മീരികളല്ലാത്തവരെ ലക്ഷ്യം വെക്കുന്നതായാണ് ഭീകരർ പ്രസ്താവനയിൽ കൂടി വ്യക്തമാക്കുന്നത്.
'കശ്മീരിൽ 85000-ത്തിലധികം താമസസ്ഥലങ്ങൾ കശ്മീരികളല്ലാത്തവർക്ക് നൽകിയിട്ടുണ്ട്. ഇത് ഇന്ത്യൻ അധിനിവേശ ജമ്മുകശ്മീരിൽ ജനസംഖ്യാപരമായ മാറ്റത്തിന് വഴിയൊരുക്കി. തദ്ദേശിയരല്ലാത്തവർ താമസസ്ഥലം കൈയേറി ഭൂമിയുടെ ഉടമസ്ഥരാണെന്ന് നടിക്കുന്നു. ഇവർക്കെതിരേ അക്രമം അഴിച്ചുവിടും' എന്ന മുന്നറിയിപ്പും ന്യായീകരണവുമാണ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പുറത്തിറക്കിയ പ്രസ്താവനയിൽ ടിആർഎഫ് പറയുന്നത്.
ലഷ്കറെ ത്വയിബയുടെ നിഴൽരൂപമാണ് ടിആർഎഫ്. 2019-ലാണ് ടിആർഎഫ് രൂപീകരിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെയാണ് ടിആർഎഫ് രൂപംകൊള്ളുന്നത്. 2023-ലാണ് കേന്ദ്ര സർക്കാർ ടിആർഎഫിനെ നിരോധിക്കുന്നത്. ഭീകരവാദപ്രവർത്തനങ്ങൾക്കായി ഓൺലൈൻ വഴി യുവാക്കളെ റിക്രൂട്ട് ചെയ്യുക, ഭീകരവാദികളുടെ നുഴഞ്ഞുകയറ്റത്തിന് സൗകര്യമൊരുക്കുക, പാകിസ്ഥാനിൽ നിന്ന് ജമ്മു കശ്മീരിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുന്നതിനെ ഏകോപിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളുടെ പേരിലാണ് കേന്ദ്രം സംഘടനയെ നിരോധിച്ചത്‌. ജമ്മു കശ്മീരിൽ സാധാരണക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെ ടിആർഎഫ് നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. രാജ്യം ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയ സജ്ജാദ് ഗുൽ ആണ് ടിആർഎഫ് തലവൻ. പഹൽഗാമിലെ ആക്രമണത്തിന് നേതൃത്വം നൽകിയത് ലഷ്കർ കമാണ്ടർ സെയ്ഫുള്ള കസൂരി ആണെന്നാണ് വിവരം.
ലഷ്കറെ ത്വയിബ, ഹിസ്ബുൾ മുജാഹിദീൻ അടക്കമുള്ള ഭീകര സംഘടനകൾക്കുവേണ്ടി പരിശീലനം നടത്തിയിട്ടുള്ള ആളുകൾ ടിആർഎഫിന്റെ ആളുകൾക്കും വേണ്ടി പരിശീലനം നടത്തിയതായാണ് വിവരം. ഓൺലൈൻ റിക്രൂട്ട്മെന്റ് രീതിയാണ് ടിആർഎഫ് സ്വീകരിച്ചിരുന്നത്.
കശ്മീർജനത സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് വീണ്ടും ഇടിത്തീപോലൊരു ആഘാതം ഉണ്ടാകുന്നത്. ഭീതിയുടെ നിഴൽ വീഴ്ത്തുകയാണ് തീവ്രവാദികളുടെ ലക്ഷ്യം. ടൂറിസം സജീവമാകുകയും വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുകയും ചെയ്യുന്ന സമയത്താണ് ഇത്തരമൊരു ഞെട്ടിക്കുന്ന ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്‌.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال