ന്യൂഡല്‍ഹി: അട്ടാരി-വാഗ അതിര്‍ത്തിവഴി ഇതിനോടകം ഇന്ത്യ വിട്ടത് 786 പാകിസ്താന്‍ പൗരര്‍. ഏപ്രില്‍ 24 മുതലാണ് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശനനിര്‍ദേശത്തെ തുടര്‍ന്ന് പാക് പൗരത്വമുള്ളവര്‍ മടങ്ങിത്തുടങ്ങിയത്. 1,376 ഇന്ത്യക്കാര്‍ പാകിസ്താനില്‍ നിന്ന് അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതായും ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
പാക് പൗരര്‍ ഏപ്രില്‍ 27 ഓടെ ഇന്ത്യവിട്ട് പോകണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. മെഡിക്കല്‍ വിസയിലെത്തിയവര്‍ക്ക് ഏപ്രില്‍ 29 വരെ ഇളവ് നല്‍കിയിരുന്നു. നയതന്ത്ര, ഉദ്യോഗ, ദീര്‍ഘകാല വിസയുള്ളവര്‍ക്ക് ഇന്ത്യയില്‍ തുടരാനുള്ള അനുമതി നല്‍കുകയും ചെയ്തിരുന്നു. 12 വിഭാഗങ്ങളിലായി ഹ്രസ്വകാല വിസയുമായി ഇന്ത്യയിലെത്തിയ പാകിസ്താന്‍ പൗരര്‍ക്ക് ഇന്ത്യ വിടാനുള്ള അവസാനദിവസം ഞായറാഴ്ച അവസാനിച്ചിരുന്നു.
ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് പാകിസ്താനില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയില്‍ തങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യക്കാരോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു. പാകിസ്താനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം രാജ്യത്തേക്ക് മടങ്ങിയെത്താനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
പാകിസ്താനിലേക്ക് നേരിട്ട് വിമാനസര്‍വീസില്ലാത്തതിനാല്‍ ദുബായ് പോലുള്ള റൂട്ടുകള്‍ വഴിയാണ് പലരും മടങ്ങിയതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംസ്ഥാനപോലീസ് സേനകളും മറ്റ് ദേശീയ ഏജന്‍സികളും തിരച്ചില്‍ തുടരുന്നതിനാല്‍ ഇന്ത്യയില്‍ തുടരുന്ന മറ്റ് പാക് പൗരരും ഉടനെ തന്നെ ഇവിടം വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 29 ന് ശേഷം ഇന്ത്യയില്‍ തങ്ങുന്ന പാക് പൗരത്വമുള്ളവരെ അനധികൃത താമസക്കാരായാണ് കണക്കാക്കുന്നത്.