സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം കൂടുന്നു


കണ്ണൂർ: സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണവും രോഗസങ്കീർണതകളും കൂടുന്നു. മുതിർന്നവരിൽ 15 ശതമാനം ആളുകളിൽ ഏതെങ്കിലുംതരത്തിലുള്ള വൃക്കരോഗം കണ്ടുവരുന്നു. 10 വർഷംമുൻപ് ഇത് 11 ശതമാനമായിരുന്നു. നഗരപ്രദേശത്തെക്കാൾ ഗ്രാമങ്ങളിൽ രോഗനിരക്ക് അല്പം കൂടുതലുമാണ്. ദീർഘകാല വൃക്കരോഗം ബാധിച്ചവർ (ക്രോണിക് കിഡ്നി ഡിസീസ്-സികെഡി) തന്നെ പതിനായിരങ്ങളാണ്. വൃക്കപരാജയം സംഭവിച്ച് ഡയാലിസിസ് വേണ്ടിവരുന്ന രോഗികളുടെ എണ്ണവും വൃക്കമാറ്റിവെക്കേണ്ടിവരുന്നവരുടെ എണ്ണവും കൂടുകയാണ്.

സർക്കാർസംവിധാനത്തിലൂടെമാത്രം കഴിഞ്ഞ വർഷം 25 ലക്ഷത്തിലധികം ഡയാലിസിസ് സെഷനുകൾ നടത്തിയതായാണ് കണക്ക്. തുടക്കത്തിൽ വലിയ ലക്ഷണം കാണിക്കാത്തതിനാൽ രോഗം നേരത്തേ കണ്ടുപിടിക്കാൻ കഴിയാത്തതും രോഗികളുടെ എണ്ണം കൂടാനിടയാക്കുന്നു.
പ്രധാനകാരണങ്ങൾ
നിയന്ത്രണമില്ലാത്ത പ്രമേഹം
അമിത രക്തസമ്മർദം
ചികിത്സിച്ചുമാറ്റാത്ത അണുബാധ
പുകവലി
മരുന്നുകളുടെ ദുരുപയോഗം
ഗർഭകാലത്തെ പോഷകാഹാരക്കുറവ് വഴി കുട്ടികളിൽ വൃക്ക തകരാറ്
വ്യായാമക്കുറവ്
വൃക്കകളെ സംരക്ഷിക്കാൻ
പ്രമേഹം, അമിത ബിപി എന്നിവ വരാതെനോക്കുക. വന്നാൽ, ശാസ്ത്രീയചികിത്സയിലൂടെ നിയന്ത്രിക്കുക
പുകവലിക്കാതിരിക്കുക, അനുയോജ്യമായ ശരീരഭാരം നിലനിർത്തുക
പുതിയ കാരണങ്ങളും
ശരീരഭാരവും പേശികളും പെട്ടെന്ന് കൂട്ടാൻ കഴിക്കുന്ന പ്രോട്ടീൻ സപ്ലിമെന്റുകളുടെ ഉപയോഗം, അശാസ്ത്രീയ ഡയറ്റ് രീതി, അശാസ്ത്രീയ ഹെൽത്ത് സപ്ലിമെന്റുകൾ, സൗന്ദര്യവർധക വസ്തുക്കളിലെ മെർക്കുറി അംശം തുടങ്ങിയവ വൃക്കകളുടെ തകരാറിന് വഴിവെക്കുന്നതായി കാണുന്നു. പ്രോട്ടീൻ സപ്ലിമെന്റുകൾ രോഗികൾക്കുള്ളതാണ്. ആരോഗ്യമുള്ളവർക്ക് ഭക്ഷണത്തിലൂടെത്തന്നെ ആവശ്യമായ പോഷകങ്ങൾ ലഭിക്കും
ഡോ. ജയന്ത് തോമസ്, വൃക്കരോഗവിദഗ്ധൻ, ലിസി ഹോസ്പിറ്റൽ, കൊച്ചി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال