ഹരിതകേരളം മിഷന്‍ എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ജില്ലയിലെ വിദ്യാലയങ്ങളിലേക്ക് ജല പരിശോധനയ്ക്കായി നല്‍കിയ കിറ്റുകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തി മരത്തംകോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ഥികളാണ് നേട്ടം കൈവരിച്ചത്.
ലാബ് അസിസ്റ്റന്റ് സി സുമയുടെയും എന്‍.എസ്.എസ് ചാര്‍ജുള്ള അധ്യാപികയുടെയും മേല്‍നോട്ടത്തിലായിരുന്നു പരിശോധന. 585 കിറ്റുകളാണ് പദ്ധതി പ്രകാരം സ്‌കൂളിന് ലഭിച്ചത്. കടങ്ങോട് പഞ്ചായത്തിലെ കിണറുകളില്‍ നിന്നുള്ള ജലമാണ് പരിശോധനയ്ക്കായി തിരഞ്ഞെടുത്തത്. ഏകദേശം രണ്ടുമാസത്തോളം പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളുമായാണ് 15 വിദ്യാര്‍ഥിനികള്‍ ജലഗുണനിലവാര പരിശോധന നടത്തിയത്. എന്‍.എസ്.എസ് വൊളന്റിയേഴ്‌സ് വീടുകളില്‍ നേരിട്ട് പോയാണ് വെള്ളം ശേഖരിച്ചത്. 10 വൊളന്റിയേഴ്‌സ് ഹരിതകേരളം മിഷന്‍ സൈറ്റില്‍ പരിശോധന ഫലങ്ങള്‍ അപ്ലോഡ് ചെയ്തു.
വെള്ളത്തിലെ നൈട്രേറ്റ്, അമോണിയ, ലവണത്വം, വൈദ്യുതി ചാലകത, പി.എച്ച് മൂല്യം, ടി.ഡി.എസ് എന്നിവ അറിയാനുള്ള ടെസ്റ്റുകളാണ് നടത്തിയത്. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും വെള്ളിത്തിരുത്തി പ്രദേശത്ത് നൈട്രേറ്റിന്റെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.

