പൂവം പുഴയിൽ ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി; സൂര്യയുടെ തിരച്ചിൽ തുടരുന്നു


കണ്ണൂർ: ഇരിട്ടി പൂവം പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥിനി എടയന്നൂർ സ്വദേശിനി ഷഹർബാന(20)യുടെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. ഇവർ മുങ്ങിത്താണ സ്ഥലത്തുനിന്നും ഏതാനും അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇരിട്ടി,മട്ടന്നൂർ ഫയർഫോഴ്‌സ്‌സേനകൾ നടത്തിയ തെരച്ചിൽ വിഫലമായതിനെ തുടർന്ന് ബുധനാഴ്ച്ച സന്ധ്യയോടെ എത്തിയ 30 അംഗ എൻഡിആർഎഫ് സംഘം വ്യാഴാഴ്ച്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം അപകടമുണ്ടായ സ്ഥലത്തു നിന്നും കുറച്ചകലെയായി കണ്ടെത്തിയത്. ഷഹർബാനക്കൊപ്പം ഒഴുക്കിൽപ്പെട്ട് കാണാതായ ചക്കരക്കൽ നാലാംപീടിക സ്വദേശിനി സൂര്യയെ ഇനിയും കണ്ടെത്താനുണ്ട്.

പഴശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂർ പുവംകടവിൽ വച്ചാണ് രണ്ട് വിദ്യാർഥികളും ഒഴുക്കിൽപ്പെട്ടത്. ഇരുവരും മീൻപിടുത്തക്കാരുടെ വലയിൽപ്പെട്ടുവെങ്കിലും വലിച്ചു രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ വേർപ്പെട്ടു പോവുകയായിരുന്നു ചൊവ്വാഴ്ച്ച വൈകിട്ട്, അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്. എടയന്നൂർ തെരൂർ അഫ്‌സത്ത് മൻസിലിൽ മുഹമ്മദ് കുഞ്ഞിയുടെയും അഫ്‌സത്തിന്റെയും മകളാണ് ഷഹർബാന. ഷെഫീഖ് ഭർത്താവാണ്.

പരീക്ഷ കഴിഞ്ഞ് സഹപാഠിയ്‌ക്കൊപ്പം ജെസ്‌നയുടെ പടിയൂരിനടുത്തെ വീട്ടിൽ എത്തിയതായിരുന്നു. അതിനിടെ പുഴയും പഴശി അണക്കെട്ടിന്റെ ഭാഗങ്ങളും കാണാനായി പൂവം കടവിലെത്തുകയായിരുന്നു. മഴയിൽ കുതിർന്ന മൺതിട്ട ഇടിഞ്ഞു ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു, ജസ്‌നയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. ഇവർ വിവരം ഫയർഫോഴ്‌സിനെ അറിയിച്ചു. ഉടൻ തന്നെ മട്ടന്നൂർ, ഇരിട്ടി എന്നിവടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സ് അംഗങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال