കൊച്ചി: കേരളത്തില്‍ അഞ്ച് വര്‍ഷത്തിനിടെ ജീവന്‍ ഒടുക്കിയത് 36,213 പേര്‍. 364 പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കണക്കുകളാണ് വിവരാവകാശ രേഖ വഴി പുറത്തുവന്നിരിക്കുന്നത്. ഇവരില്‍ 21,476 പുരുഷന്മാരും 5,585 സ്ത്രീകളും 600 കുട്ടികളുമാണ് ഉള്ളത്.
അതേസമയം ആകെയുള്ള 485 പൊലീസ് സ്റ്റേഷനുകളില്‍ 81 പൊലീസ് സ്റ്റേഷനില്‍ നിന്ന് മറുപടി ലഭിച്ചിട്ടില്ല. കുടുംബത്തിലെ എല്ലാവരും ചേര്‍ന്ന് ജീവനൊടുക്കുകയും കുഞ്ഞുങ്ങളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന പ്രവണത കൂടുന്നതായാണ് മനോരോഗ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. കുടുംബ പ്രശ്നങ്ങളാണ് പലരെയും ബാധിക്കുന്നത്. ജീവനൊടുക്കുന്ന സ്ത്രീകളില്‍ അറുപത് ശതമാനവും വീട്ടമ്മമാരാണ്.
സാമ്പത്തിക പ്രശ്നങ്ങള്‍, വിവാഹ ജീവിതത്തിലെ അപസ്വരം, അവിഹിത ബന്ധം തുടങ്ങിയവയും കാരണമാവുന്നുണ്ട്. ഡോക്ടര്‍മാര്‍, ഐ.ടി പ്രൊഫഷണലുകള്‍ മുതല്‍ ബിസിനസുകാരും കൂലിപ്പണിക്കാരും വരെ ഈ പട്ടികയിലുണ്ട്. അതേസമയം നേരിട്ടുവന്ന് വിവരം ശേഖരിക്കണമെന്ന് മറുപടി നല്‍കിയ സ്റ്റേഷനുകള്‍ക്കെതിരെ, വിവരാവകാശം സമര്‍പ്പിച്ച കെ.പി.സി.സി സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ അഡ്വ.ഷാജി കോടങ്കണ്ടത്ത് അപ്പീല്‍ നല്‍കി.
വിവരാവകാശത്തിന് മനപൂര്‍വം മറുപടി നല്‍കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

